Kerala
കൊച്ചി: 1972ലെ ദേശീയ വനം വന്യജീവി നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ടും, ക്രൈസ്തവരെ മൈക്രോ മൈനൊരിറ്റിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന് നിവേദനം സമർപ്പിച്ചു.
ഭാരത ജനസംഖ്യയുടെ മൂന്നു ശതമാനത്തിൽ താഴെ മാത്രം വരുന്ന ക്രൈസ്തവർ മൈക്രോ ന്യൂനപക്ഷം ആകയാൽ ഒരു വോട്ട് ബാങ്കാകുവാൻ ഉള്ള ജനസംഖ്യാപരമായ പരിമിതി കാരണം പലപ്പോഴും അവഗണിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും ചെയ്യുന്നു. അതിനാൽത്തന്നെ ഭരണ ഉദ്യോഗസ്ഥ കേന്ദ്രങ്ങളിൽ നിന്നും കടുത്ത നീതി നിഷേധത്തിന് ഇരയാക്കപ്പെടുന്നു എന്ന് കത്തോലിക്കാ കോൺഗ്രസ് ഉപരാഷ്ട്രപതിക്കു നൽകിയ നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
തീവ്ര മതവാദികൾ പലപ്പോഴും അകാരണമായി ക്രൈസ്തവരെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനാൽ നിയമപരമായി കൂടുതൽ സംരക്ഷണം നൽകുക എന്നതു മാത്രമാണ് പരിഹാരമാർഗം എന്ന് ചൂണ്ടിക്കാണിച്ചാണ് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ എന്നിവർ ചേർന്ന് ഡൽഹിയിൽ ഉപരാഷ്ട്രപതിയുടെ ഔദ്യോഗിക വസതിയിൽ എത്തി നിവേദനം സമർപ്പിച്ചത്.
വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യത്തിൽ പരിഹാരത്തിനു സർക്കാർ 1972ലെ വനം വന്യജീവി നിയമത്തിൽ സമഗ്രമായ മാറ്റം കൊണ്ടുവരാൻ ആവശ്യപ്പെട്ടും ഉപരാഷ്ട്രപതിക്ക് നിവേദനം നൽകിയിട്ടുണ്ട്.
വന്യജീവി ആക്രമണം മൂലം ഉണ്ടാകുന്ന ജീവനാശത്തിനും പരിക്കുകൾക്കും കൃഷി നഷ്ടത്തിനും നഷ്ടപരിഹാരം നൽകുന്നതിനുവേണ്ടി മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ മാതൃകയിൽ സ്റ്റാറ്റ്യൂട്ടറി അധികാരങ്ങളോടു കൂടി ബോർഡിനെ നിയമിക്കണം.
വന്യജീവികളെ വനത്തിനകത്ത് നിലനിർത്തേണ്ട നിയമപരമായ ബാധ്യത വനം ഉദ്യോഗസ്ഥർക്കുണ്ടെന്നും നിവേദനത്തിലുണ്ട്. നിവേദനത്തിൽ ചൂണ്ടിക്കാട്ടിയ വിഷയങ്ങൾക്ക് അടിയന്തര പരിഹാരമുണ്ടാക്കണമെന്നും ഭാരവാഹികൾ ആവശ്യപ്പെട്ടു. ഉപരാഷ്ട്രപതി സ്വീകരിച്ച നിവേദനങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുമെന്നും അവർ അറിയിച്ചു.
Kerala
കൊച്ചി: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കിയെന്നു പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും നയം തികച്ചും അവഹേളനാപരവും സമുദായത്തെ വഞ്ചിക്കുന്നതുമാണെന്ന് കത്തോലിക്കാ കോൺഗ്രസ് കേന്ദ്രസമിതി .
റിപ്പോർട്ടിലെ നിർദേശങ്ങൾ പ്രസിദ്ധീകരിക്കാൻപോലും സർക്കാർ ഇതുവരെ തയാറായിട്ടില്ല. കത്തോലിക്ക കോൺഗ്രസ് ഈ വിഷയം ആവശ്യപ്പെട്ട് വിവരാവകാശപ്രകാരം മൂന്നു തവണ സർക്കാരിന് അപേക്ഷ സമർപ്പിച്ചിട്ടും സർക്കാർ നിരാകരിക്കുകയാണുണ്ടായത്. തുടർന്ന് കേരളം ഹൈക്കോടതിയിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കണം എന്നാവശ്യപ്പെട്ട് കേസ് ഫയൽ ചെയ്തിരിക്കുന്നു. വിവരാവകാശപ്രകാരം അപേക്ഷിച്ചപ്പോൾ സർക്കാർ പറഞ്ഞത്, മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്നു എന്നാണ്. എന്നിട്ടാണ് ഇപ്പോൾ റിപ്പോർട്ടിലെ ഭൂരിഭാഗം നിർദേശങ്ങളും നടപ്പാക്കി എന്ന് പറയുന്നത്.
ഈ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയോ നടപ്പാക്കുകയോ ഇല്ല എന്ന് മാത്രമല്ല, ഇതിന്റെ പേരിൽ ഒരു സമുദായത്തെയും ജനതയെയും അവഹേളിക്കുകകൂടിയാണ്. എന്തടിസ്ഥാനത്തിലാണ് ഈ റിപ്പോർട്ടെന്നും ഏതൊക്കെ കാര്യങ്ങളാണു നടപ്പാക്കിയതെന്നും വ്യക്തമാക്കാൻ മുഖ്യമന്ത്രി തയാറാകണം. തെറ്റിദ്ധാരണാജനകമായ വാർത്തകളും തെറ്റായ പ്രഖ്യാപനങ്ങളും ഒരു ഉത്തരവാദിത്വപ്പെട്ട ഭരണാധികാരിക്ക് ചേർന്നതല്ല. പൊതുജനങ്ങളുടെ മുന്നിൽ റിപ്പോർട്ട് നടപ്പാക്കി എന്ന് വരുത്തിത്തീർക്കാനുള്ള ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ കാലഘട്ടങ്ങളിൽ ഉണ്ടാകുന്നുണ്ട്.
സർക്കാരിന് ആത്മാർഥതയും സത്യസന്ധതയും ഉണ്ടെങ്കിൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. അതു ചെയ്യണമെന്ന് ക്രൈസ്തവ സഭകൾ നിരന്തരം ആവശ്യപ്പെട്ടിട്ടും സഭകളെ കളിയാക്കുന്നതിനും പറ്റിക്കുന്നതിനും വേണ്ടിയിട്ടാണ് സർക്കാരിന്റെ ഇത്തരത്തിലുള്ള ശ്രമങ്ങൾ. അത് തിരുത്താൻ സർക്കാർ തയാറാകണം.
ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നതിനും നടപ്പാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി ക്രൈസ്തവ സമുദായം നൽകും എന്ന് കത്തോലിക്ക കോൺഗ്രസ് ഓർമിപ്പിച്ചു. പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ മുഖ്യ പ്രഭാഷണം നടത്തി.
Kerala
കൊച്ചി: ക്രൈസ്തവസമൂഹം പരിപാവനമായി കരുതുന്ന അന്ത്യ അത്താഴത്തെ വികലമായി പ്രദര്‍ശിപ്പിച്ച കൊച്ചി ബിനാലെ സംഘാടകര്‍ മാപ്പ് പറയണമെന്നും ‘മൃദുവാംഗിയുടെ ദുര്‍മൃത്യു’ എന്ന ദൃശ്യരൂപം ബിനാലെയില്നിന്നു പിന്‍വലിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി ആവശ്യപ്പെട്ടു.
ഇനിയും ഇത്തരത്തിലുള്ള ക്രൈസ്തവ അവഹേളനങ്ങള്‍ ഒരു രീതിയിലും ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണം.
ബിനാലെയിലെ വിവാദ ചിത്രപ്രദര്‍ശനത്തെക്കുറിച്ച് സാംസ്കാരികവകുപ്പും ആഭ്യന്തരവകുപ്പും കൃത്യമായ അന്വേഷണം നടത്തി ഗൂഢാലോചന പുറത്തു കൊണ്ടുവരണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു .
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍, ജന. സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയില്‍, അഡ്വ. ടോണി പുഞ്ചക്കുന്നേല്‍ തുടങ്ങിയവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ക്രിസ്മസ് പ്രാർഥനകൾക്കും ആഘോഷങ്ങൾക്കും നേരേ ഇന്ത്യയിൽ വിവിധ ഭാഗങ്ങളിൽ നടന്ന അക്രമങ്ങൾ അപലപനീയമെന്നും അക്രമങ്ങളിൽ കർശന നടപടി എടുക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു.
മധ്യപ്രദേശ്, ആസാം, ഛത്തീസ്ഗഡ്, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽ നടന്ന അക്രമങ്ങൾ ലോകസമൂഹത്തിന്റെ മുന്നിൽ ഇന്ത്യയെ നാണം കെടുത്തുന്നതാണ്. ചിലയിടങ്ങളിൽ ക്രിസ്മസ് ദിനത്തിൽ കുർബാനയ്ക്കു വരെ തടസങ്ങൾ ഉണ്ടാക്കി.
മതവിശ്വാസം ചോദ്യം ചെയ്യപ്പെടുകയും ഇഷ്ടമുള്ള മതവിശ്വാസം സ്വീകരിക്കാൻ പറ്റാത്തതുമായ അവസ്ഥ ഇന്ത്യൻ ഭരണഘടനയെതന്നെ ഇല്ലാതാക്കലും ജനാധിപത്യത്തെ പരാജയപ്പെടുത്തലുമാണ്. സാന്താക്ലോസ് തൊപ്പികൾ വിൽക്കാനും അലങ്കാരത്തിനോ പോലും ചിലയിടങ്ങളിൽ അനുവാദമില്ല എന്നതു ഗൗരവതരമായി എടുത്തേ പറ്റൂ.
കരോൾ പ്രോഗ്രാമുകൾ പോലും തടസപ്പെടുത്തി അക്രമങ്ങൾ നടത്തുന്നത് ന്യായീകരിക്കാനാകില്ല. സർക്കാരിന്റെ മൗനം ആക്രമികളെ പ്രോത്സാഹിപ്പിക്കുന്നതിനു തുല്യമാണെന്ന് ഓർക്കണം.
കേന്ദ്രം ഭരിക്കുന്ന പാർട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ കൂടുതലായി റിപ്പോർട്ട് ചെയ്യുന്നു എന്നിരിക്കേ ക്രിസ്മസ് വിരുന്നുകളിലെ നയതന്ത്രമല്ല ഭരണപരമായ നടപടി എടുക്കുകയാണ് സർക്കാർ ചെയ്യേണ്ടത്. ഭരണഘടന ഉറപ്പുതരുന്ന തുല്യത, ജാതി, മത, വർഗലിംഗ വിവേചനങ്ങളിൽനിന്നുള്ള സരംക്ഷണം, മത സ്വാതന്ത്ര്യം എന്നിവയെല്ലാം സംരക്ഷിക്കുന്നതിനുള്ള ഭരണഘടനാപരമായ ബാധ്യത കേന്ദ്ര സർക്കാരിനുണ്ട്. രാജ്യത്തിന്റെ ഭരണഘടന സംരക്ഷിക്കപ്പെടണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പറഞ്ഞു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജന. സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോൺ, തോമസ് ആന്റണി, അഡ്വ. മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: വോട്ടർ പട്ടികയിലെ പ്രത്യേക സമഗ്ര പരിഷ്കരണ (എസ്ഐആർ) വുമായി ബന്ധപ്പെട്ട അപേക്ഷ സമർപ്പിക്കേണ്ട സമയപരിധി നീട്ടണമെന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്രസമിതി ആവശ്യപ്പെട്ടു.
എസ്ഐആർ സ്വാഗതാർഹമാണ്. എന്നാൽ നിലവിലുള്ള സമയപരിധി അപര്യാപ്തമാണ്. തിടുക്കത്തിലുള്ള നടപ്പാക്കൽ നീതിനിഷേധമായി മാറരുത്. വോട്ട് നഷ്ടപ്പെട്ട്, ജനാധിപത്യത്തിന്റെ ശക്തിയായ വോട്ടിന്റെ ശക്തി കുറയ്ക്കുന്ന രീതിയിൽ പരിഷ്കരണം ദോഷം ചെയ്യും.
സാങ്കേതിക തടസങ്ങളും അവബോധത്തിന്റെ കുറവും സമയപരിമിതിയും കാരണം സാധാരണക്കാർക്കും ജോലി ചെയ്യുന്നവർക്കും വയോജനങ്ങൾക്കും നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷകൾ പൂർത്തിയാക്കാൻ സാധിക്കാത്ത അവസ്ഥയാണ്. ദൂരസ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ബിഎൽഒമാരെ കാണാൻ തടസം നേരിടുന്നതിനാൽ അപേക്ഷ പൂർത്തീകരിക്കാൻ സാധിക്കാത്തതുമായ സാഹചര്യമാണുള്ളത്.
തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി തെരഞ്ഞെടുപ്പ് കമ്മീഷണർക്കും കേന്ദ്ര സർക്കാരിനും നിവേദനം നൽകി.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ റവ. ഡോ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ഒഴുകയിൽ, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, രാജേഷ് ജോൺ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, തോമസ് ആന്റണി, അഡ്വ. മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.
Kerala
കൊച്ചി: ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്നാവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.
കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നു സഭയും സമുദായവും നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാർ തയാറാകാത്ത സാഹചര്യത്തിലാണു കത്തോലിക്ക കോൺഗ്രസ് നിയമനടപടികളിലേക്കു കടക്കുന്നതെന്ന് പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ പറഞ്ഞു.
കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് നൽകാൻ വിവരാവകാശ നിയമപ്രകാരം വിവിധ തലങ്ങളിൽ അപേക്ഷ കൊടുത്തിരുന്നു. എന്നാൽ തരാൻ സാധ്യമല്ലെന്ന മറുപടിയാണു ലഭിച്ചത്.
മൂന്നു വർഷത്തോളമായി മന്ത്രിസഭയുടെ പരിഗണനയിലിരിക്കുന്നുവെന്നു പറഞ്ഞാണ് സംസ്ഥാന വിവരാവകാശ കമ്മീഷണർ വിവരങ്ങൾ നിഷേധിച്ചത്. റിപ്പോർട്ടിലെ നിർദേശങ്ങൾ നടപ്പിലാക്കാൻ വിവിധ വകുപ്പുകളെ അറിയിച്ചതായി പറയുന്ന സർക്കാർ, റിപ്പോർട്ടിന്റെ ഉള്ളടക്കം പൊതുജനങ്ങളിൽനിന്ന് മറച്ചുവയ്ക്കുന്നത് സംശയകരമാണ്.
റിപ്പോർട്ടിൽ എന്താണെന്നറിയാതെ എങ്ങനെ നടപ്പിലാക്കാൻ സാധിക്കും. സർക്കാർ ഒളിച്ചുകളി അവസാനിപ്പിക്കണം.
ഭരണപക്ഷവും പ്രതിപക്ഷ കക്ഷികളും എല്ലാം ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് വിഷയത്തിൽ തികഞ്ഞ അനാസ്ഥയാണു കാണിക്കുന്നത്. ആരിൽനിന്നു മറയ്ക്കാനാണെന്നും എന്തിനാണ് ഭയപ്പെടുന്നതെന്നും രാഷ്ട്രീയ പാർട്ടികളും സർക്കാരും വ്യക്തമാക്കണം.
സംഘടിതമായ ഗൂഢാലോചനയും നിസംഗതയും ഇതിനു പിന്നിലുണ്ടോയെന്നു സംശയിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. ഒരുവിഭാഗം ജനങ്ങളോടുള്ള തികഞ്ഞ അവഗണനയും അവഹേളനവുമാണ് ഇതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
District News
കോഴിക്കോട്: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണം (എസ്ഐആര്‍) ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണെന്നും വോട്ടര്‍പട്ടിക ശുദ്ധീകരിക്കുന്നതിനെ ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ എന്തിനാണ് എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ലെന്നും കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത നേതൃത്വം.
ഇന്ത്യയുടെ വോട്ടര്‍പട്ടിക ശുദ്ധീകരിക്കണമെന്നതില് യാതൊരു സംശയവുമില്ല. തെറ്റുകള്‍ പരിഹരിച്ച് അനര്‍ഹരായവരെ ഒഴിവാക്കി ജനാധിപത്യത്തിന്റെ കാവലാളായ വോട്ടര്‍മാരെ മാത്രം കണ്ടെത്തേണ്ടത് അടിയന്തര പ്രാധാന്യമുള്ള വിഷയമാണ്. അനധികൃത കുടിയേറ്റക്കാര്‍ അടക്കമുള്ള ആളുകളുടെ പേരുകള്‍ വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കേണ്ടതാണ്. യഥാര്‍ഥ വോട്ടര്‍മാരെ ചേര്‍ക്കാന്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കുന്നതും ശരിയായ രേഖകളുടെ അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ രജിസ്റ്റര്‍ ചെയ്യിക്കുന്നതും കൃത്യമായ രീതിയാണ്.
കേരളത്തില്‍ ഉണ്ടെന്നു കരുതുന്ന 40 ലക്ഷത്തിലധികം വരുന്ന ഇതരസംസ്ഥാന തൊഴിലാളികള്‍ അടക്കമുള്ള ആളുകള്‍ക്ക് വോട്ട് നഷ്ടപ്പെടാതിരിക്കാനും അനധികൃതമായി ഇതരസംസ്ഥാന തൊഴിലാളി എന്ന പേരില്‍ മറ്റു രാജ്യങ്ങളില്‍ നിന്നുവരെ ഇവിടെ എത്തിച്ചേര്ന്നിട്ടുള്ളവരെ കണ്ടെത്തി ഒഴിവാക്കാനും എസ്ഐആര്‍ സഹായിക്കും.
കേരളത്തിലെ വോട്ടേഴ്സ് ലിസ്റ്റില്‍ അബദ്ധങ്ങളും അപകടങ്ങളും കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അത് തിരുത്തേണ്ട ഉത്തരവാദിത്വം ഇലക്ഷന് കമ്മീഷനുതന്നെയാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് താമരശേരി രൂപത പ്രസിഡന്റ് ചാക്കോ കാളംപറമ്പില്‍, ഡയറക്ടര്‍ ഫാ. സബിന്‍ തൂമുള്ളില്‍, ജനറല്‍ സെക്രട്ടറി ഷാജി കണ്ടത്തില്‍ തുടങ്ങിയവര്‍ വിശദീകരിച്ചു.
District News
ഇരിങ്ങാലക്കുട: ഷംഷാബാദ് രൂപത ബിഷപ് മാര്‍ ജോസഫ് കൊല്ലംപറമ്പലിന്റെ വാഹനത്തിനുനേരെ മുവാറ്റുപുഴയില്‍ നടന്ന അക്രമത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് ഇരിങ്ങാലക്കുട രൂപത എക്സിക്യൂട്ടീവ് യോഗം പ്രതിഷേധിച്ചു.
പ്രതിഷേധയോഗം കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡന്റ്് ഡേവിസ് ഊക്കന്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, സെക്രട്ടറി ഡേവിസ് തുളുവത്ത്, ട്രഷറര്‍ ആന്റണി എല്‍. തൊമ്മാന, വൈസ് പ്രസിഡന്റുമാരായ ജോസഫ് തെക്കൂടന്‍, സി.ആര്. പോള്‍, പിആര്‍ഒ ടെല്‍സണ്‍ കോട്ടോളി, ജോ. സെക്രട്ടറി ജിജോ തോമസ്, സാബു കൂനന്‍ എന്നിവര്‍ പ്രസംഗിച്ചു.
District News
പാലാ: ഛത്തീസ്ഗഡിലെ കങ്കര്‍ ജില്ലയില്‍പ്പെട്ട എട്ടോളം പഞ്ചായത്തുകളില്‍ പാസ്റ്റര്‍മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പ്രവേശനം നിഷേധിക്കുകയും അപ്രകാരം പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തത് അപലപനീയമാണെന്നും ഭരണഘടന ഉറപ്പുവരുന്ന മതസ്വാതന്ത്ര്യത്തെ ഹനിക്കുന്നതാണെന്നും കത്തോലിക്ക കോണ്‍ഗ്രസ് പാലാ രൂപത നേതൃയോഗം.
ജനങ്ങളില്‍ ഭയവും ഭിന്നിപ്പും ഉണ്ടാക്കുന്നതിനും മതവിദ്വേഷം ആളിക്കത്തിക്കാനും മാത്രമേ ഇത്തരം പ്രവൃത്തികള്‍ കാരണമാകുകയുള്ളു.
മതത്തിന്റെ പേരില്‍ മനുഷ്യരുടെ സഞ്ചാരസ്വാതന്ത്ര്യം തടയുന്നത് അത്യന്തം ഗുരുതരമാണ്. നിയമങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടുള്ള നടപടികള്‍ അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. രൂപത പ്രസിഡന്റ് ഇമ്മാനുവല്‍ നിധീരി അധ്യക്ഷത വഹിച്ച യോഗത്തില്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ജോയി കണിപറമ്പില്‍, ആന്‍സമ്മ സാബു, അഡ്വ. ജോണ്സണ് വീട്ടിയാങ്കല്‍, സി.എം. ജോര്‍ജ്, പയസ് കവളമാക്കല്‍, ജോണ്സണ് ചെറുവള്ളി, സാബു പൂണ്ടിക്കുളം, ടോമി കണ്ണീറ്റുമാലില്‍, ബെന്നി കിണറ്റുകര, രാജേഷ് പാറയില്‍, ജോബിന് പുതിയിടത്തുചാലില്‍, എഡ്വിന് പാമ്പാറ, സിന്ധു ജൈബു, ലിബി മണിമല തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
മുക്കം: കത്തോലിക്ക കോൺഗ്രസിന് കീഴിൽ യൂത്ത് കൗൺസിൽ രൂപീകരണവും പൊതുയോഗവും നടത്തി. താമരശേരി രൂപത യൂത്ത് കോ ഓർഡിനേറ്റർ ഷാന്റോ തകിടിയേൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് രൂപത പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. വികാരി ഫാ. ജോൺ ഒറവുങ്കര അനുഗ്രഹ പ്രഭാഷണം നടത്തി.
യൂണിറ്റ് പ്രസിഡന്റ് അഡ്വ. വർഗീസ് പാലക്കിൽ, സെക്രട്ടറി രാജൻ ചൂരപൊയ്കയിൽ, വൈസ് പ്രസിഡന്റ് ഡോ. ആംസ്ട്രോങ്ങ് തടത്തിൽ, ട്രഷറർ ലോവൽ പള്ളിത്താഴത്ത്, യൂത്ത് കോൺഡിനേറ്റർ അഖിൽ മലേക്കുന്നേൽ എന്നിവർ പ്രസംഗിച്ചു. ജൂവൽ പള്ളി ത്താഴത്ത്, ദേവസ്യ പൈമ്പിളളിൽ, ഷിജി കിഴക്കരക്കാട്ട്, കുര്യൻ കോട്ടയിൽ, ആൽബിൻ തുളുവനാനി, ബിന്ദു കോഴിക്കുന്നേൽ, ധന്യ കൂട്ടിയാനി, അൽഫോൻസ ബിജു എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
District News
കുടമാളൂർ: അപ്പർ കുട്ടനാടൻ മേഖലയിലെ വിരിപ്പ് കൊയ്ത്തു തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ സർക്കാർ നെല്ലു സംഭരണ നയം പ്രഖ്യാപിക്കാത്തത് കർഷകരോടു കാണിക്കുന്ന അനീതിയാണെന്ന് കത്തോലിക്ക കോൺഗ്രസ് കുടമാളൂർ ഫൊറോനാ സമിതി.
കൊയ്ത്ത് തുടങ്ങിയ പാടശേഖരങ്ങളിലെ നെല്ല് പാടത്ത് കൂട്ടിയിട്ടിരിക്കുകയാണ്. മില്ലുകാർ ചോദിക്കുന്ന കിഴിവ് കൃഷിച്ചെലവിന് ആനുപാതികമായി കർഷകർക്ക് നഷ്ടം വരുത്തുന്നതാണ്. കൊയ്ത്തു കഴിഞ്ഞ പാടശേഖരങ്ങളിലെ നെല്ല് എത്രയും വേഗം സംഭരിച്ച് വില എത്രയും പെട്ടെന്ന് നൽകാൻ സർക്കാർ തയ്യാറാകണം. അല്ലാത്തപക്ഷം കർഷകർക്കൊപ്പം ചേർന്നു ശക്തമായ സമര പരിപാടികൾ ആവിഷ്കരിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ് മുന്നറിയിപ്പു നൽകി.
ഫൊറോന പ്രസിഡന്റ് ഷെയിൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗം ഡയറക്ടർ ഫാ. ജസ്റ്റിൻ പുത്തൻപുരയിൽ ഉദ്ഘാടനം ചെയ്തു. ഫ്രാൻസിസ് തടത്തിൽ, സാബു ഏബ്രഹാം, കുഞ്ഞ് കളപ്പുര, ജോസ് പാറക്കൽ, ബേബിച്ചൻ മുകളേൽ, ഷൈനമ്മ ജയിംസ്, ബേബിച്ചൻ തടത്തേൽ, റെജി മാത്യു, ജോസ് ജേക്കബ്, സണ്ണി ചാത്തുകുളം എന്നിവർ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: റബര്‍, നെല്ല് തുടങ്ങിയ കാര്‍ഷികവിളകളുടെ താങ്ങുവില വര്‍ധിപ്പിച്ചു കൊണ്ടുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി.
കുട്ടനാട്ടിലും ഇതര കാര്‍ഷിക മേഖലയിലും കാര്‍ഷിക ചെലവുകള്‍ വര്‍ധിച്ച സാഹചര്യത്തിൽ നെല്ലിന്റെ സംഭരണവില 30 രൂപയായി ഉയര്‍ത്തിയതും റബറിന്റെ താങ്ങുവില 200 രൂപ ആക്കിയതും തികച്ചും അപര്യാപ്തമാണ്. കാലോചിതമായി കര്‍ഷകര്‍ക്ക് സഹായകമാകുന്ന തരത്തില്‍ സര്‍ക്കാര്‍ ഇടപെടലുകള്‍ ഉണ്ടാകണം.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി നടത്തിയ അവകാശസംരക്ഷണ യാത്രയില്‍ റബര്‍, നെല്ല് കര്‍ഷകരുടെ ആവശ്യങ്ങളായി ഉയര്‍ത്തിയ കാര്യങ്ങൾ സര്‍ക്കാര്‍ പരിഗണിച്ചത് ആ യാത്രയുടെ വിജയമായി കാണുന്നുവെന്ന് കത്തോലിക്ക കോണ്‍ഗ്രസ് നേതൃയോഗം വിലയിരുത്തി.
അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന നേതൃസമ്മേളനം അതിരൂപതാ ഡയറക്ടര്‍ ഫാ. സാവിയോ മാനാട്ട് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ബിനു ഡോമിനിക്, ട്രഷറര്‍ ജോസ് വെങ്ങാന്തറ, ജോര്ജു കുട്ടി മുക്കത്ത്, ഷിജി ജോണ്സണ്, റോസിലിന് കുരുവിള, രാജേഷ് ജോണ്‍, ടോമിച്ചന് അയ്യരുകുളങ്ങര, മനു ജെ. വരാപ്പള്ളി, സെബാസ്റ്റ്യന്‍ വര്‍ഗീസ്, കുഞ്ഞ് കളപ്പുര, കെ.എസ്. ആന്റണി, ചാക്കപ്പന് ആന്റണി, പി.സി. കുഞ്ഞപ്പന്, ജെസി ആന്റണി, സിസി അമ്പാട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
നിലമ്പൂർ : തിരഞ്ഞെടുപ്പുകളിൽ സമുദായതാത്പര്യം സംരക്ഷിക്കുന്നവർക്ക് മുന്നണി നോക്കാതെ വോട്ട് ചെയ്യണമെന്ന് കത്തോലിക്ക കോൺഗ്രസ് (എകെ സിസി) മാനന്തവാടി രൂപത നിർവാഹക സമിതി അംഗം അനീഷ് ഒമക്കര പറഞ്ഞു.
കത്തോലിക്കാ കോൺഗ്രസ് ഇടവക കേന്ദ്രികരിച്ച് കമ്മറ്റികൾ രൂപികരിച്ച് പ്രവർത്തനം ഊർജിതമാക്കുകയാണ്. ജസ്റ്റിസ് ജെ. ബി.കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാൻ മുന്നണികൾ ആർജവം കാണിക്കണമെന്ന് നിലമ്പൂർ ലിറ്റിൽ ഫ്ലവർ ഫൊറോനാ പള്ളിയിൽ സംഘടനാ പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
വികാരി ഫാ. സെബാസ്റ്റ്യൻ പുത്തേൻ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി ഫ്രാൻസിസ് അമ്പലത്തിങ്കൽ (പ്രസിഡന്റ്), സെബാസ്റ്റ്യൻ മേക്കാട്ട്, റീജ ചെറായിൽ ( വൈസ് പ്രസിഡന്റുമാർ), ഡെയ്സി ശങ്കരത്തിൽ (സെക്രട്ടറി), ലാലിച്ചൻ കുളഞ്ഞികൊമ്പിൽ (ജോ. സെക്രട്ടറി), ജോർജ് തോമസ് പട്ടർകളം (ട്രഷറർ), തോമസ് കിഴക്കയിൽ, ഗ്രേസി പിണക്കാട്ട് (രൂപത പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു. മൂന്നാക്ക സമുദായങ്ങളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സംവരണം വിപുലീകരിക്കണമെന്ന് സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസ് ഉയർത്തുന്ന ജനകീയ വിഷയങ്ങൾക്ക് സമുദായത്തിൽ നിന്നും ലഭിക്കുന്നത് വലിയ പിന്തുണയാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമതി വൈസ് പ്രസിഡന്റ് ഡോ.കെ.പി.സാജു കൊല്ലപ്പള്ളി ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തിൽ നടന്ന കത്തോലിക്കാ കോൺഗ്രസ് യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമ്യഗ ശല്യം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അധികൃതർ കാര്യമായ ഇടപ്പെടൽ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കത്തോലിക്കാ കോൺഗ്രസിന്റെ ശക്തി വരുന്ന തെരഞ്ഞെടുപ്പുകളിൽ സമുദായ താത്പര്യം സംരക്ഷിക്കാത്തവർക്ക് സ്വയം മനസിലാക്കുമെന്നും. ഡോ.കെ.പി.സാജു പറഞ്ഞു. മലപ്പുറത്തിന്റ് മലയോര മേഖലകളിൽ കത്തോലിക്കാ കോൺഗ്രസ് നിലപാട് ഏറെ നിർണായകമാകും. കത്തോലിക്കാ കോൺഗ്രസ് ഇടവകകളിൽ നടത്തിയ യോഗത്തിൽ വലിയ പങ്കാളിത്തമാണുണ്ടായത്. ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തിൽ നടന്ന യോഗത്തിൽ ഇടവക വികാരി.ഫാ. കുര്യാക്കോസ് കൂമ്പക്കിൽ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളെയും തെരഞ്ഞെടുത്തു.
Kerala
തിരുവനന്തപുരം: വോട്ട് ബാങ്ക് മുന്നിൽക്കണ്ട് രാഷ്ട്രീയ നേതൃത്വം ചില സമുദായങ്ങളെ തഴയുമ്പോഴാണ് സമൂഹത്തിൽ സമത്വം ഇല്ലാതാകുന്നതെന്ന് ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ. സമത്വം ഇല്ലെങ്കിൽ ജനാധിപത്യമുണ്ടാകില്ലെന്ന് ഓർമ വേണമെന്നും അദ്ദേഹം പറഞ്ഞു.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ സമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് പാണത്തൂരിൽനിന്നാരംഭിച്ച അവകാശ സംരക്ഷണ യാത്രയുടെ സമാപന സമ്മേളനം സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുന്നില്ലെന്നു ഭരണാധികാരികൾ ഉറപ്പുവരുത്തണം. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ലഭിച്ച് വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പാക്കാൻ നടപടിയൊന്നുമില്ല. റിപ്പോർട്ടിലെ ശിപാർശകൾ പൂർണതോതിൽ നടപ്പാക്കണം. തെരഞ്ഞെടുപ്പ് അടുത്തുവരുമ്പോൾ ഇതിലെ ഏതെങ്കിലും പ്രഖ്യാപനങ്ങൾ സമുദായത്തെ ആശ്വസിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൊണ്ടുവരുന്നതാണു പതിവ്.
വിദ്യാഭ്യാസ മേഖലയിൽ ഭിന്നശേഷി സംവരണത്തിന്റെ പേരിൽ 17,000 പേരുടെ നിയമനമാണു തടസപ്പെട്ടിരിക്കുന്നത്.
വലിയൊരു സമൂഹത്തിന്റെ പ്രതീക്ഷകൾക്കാണ് ഇതു തിരിച്ചടിയാകുന്നത്. പൊതുവിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്കും ഇതിടയാക്കും. ഇക്കാര്യത്തിൽ പരിഹാരമുണ്ടാകുമെന്ന സർക്കാർ വാഗ്ദാനം നിറവേറ്റുമെന്നാണ് കരുതുന്നത്. കോടതിയിലേക്കും നിയമനടപടികളിലേക്കും വലിച്ചിഴയ്ക്കാതെ പ്രശ്ന പരിഹാരത്തിനു സർക്കാർ തയാറാകണം.
വിദ്യാലയങ്ങളിലെ സമാധാനപൂർണമായ അന്തരീക്ഷം തകർക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു തന്നെയുള്ള ചില ശ്രമങ്ങൾ ഉണ്ടാകാൻ പാടില്ലാത്തതാണ്. ആദ്യഘട്ടത്തിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന വിപ്ലവകരമായ പ്രഖ്യാപനങ്ങൾ നടത്തിയവരാണ് പിന്നീട് മതപരമായ ചിഹ്നങ്ങൾ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നതെന്ന വൈരുധ്യവുമുണ്ട്- മാർ ത റയിൽ പറഞ്ഞു.
കാർഷികമേഖലയിലെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ നടപടി വേണമെന്ന് സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തിയ കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ സമിതി ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. കർഷകസമൂഹം നേരിടുന്ന പ്രശ്നങ്ങൾ അടക്കം പൊതുസമൂഹത്തിന്റെ മുന്നിലെത്തിക്കാനും അധികാരികളുടെ കണ്ണുതുറപ്പിക്കാനുമാണ് യാത്രയെന്നും അദ്ദേഹം പറഞ്ഞു.
ബിലീവേഴ്സ് ചർച്ച് തിരുവനന്തപുരം ബിഷപ് ഡോ. മാത്യൂസ് മാർ സിൽവാനോസ്, ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച് തിരുവനന്തപുരം ബിഷപ് റവ. ഡോ. മോഹൻ മാനുവൽ, ബൈബിൾ ഫെയ്ത്ത് മിഷൻ തിരുവനന്തപുരം ബിഷപ് റവ. ഡോ. സെൽവദാസ് പ്രമോദ്, സാൽവേഷൻ ആർമി ടെറിട്ടോറിയൽ കമാൻഡർ ലെഫ്. പ്രകാശ് ചന്ദ്ര പ്രധാൻ, ഇന്ത്യ ലൂഥറൻ ചർച്ച് ആർച്ച്ബിഷപ് റവ. ഡോ. റോബിൻസണ്‍ ഡേവിഡ്, ചങ്ങനാശേരി അതിരൂപത വികാരി ജനറാൾ മോണ്‍. ഡോ. ജോണ്‍ തെക്കേക്കര, ചങ്ങനാശേരി അതിരൂപത പ്രോട്ടോസിഞ്ചെല്ലൂസ് മോണ്‍. ആന്റണി ഏത്തയ്ക്കാട്ട്, കത്തോലിക്ക കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത ഡയറക്ടർ റവ. ഡോ. സാവിയോ മാനാട്ട്, വി.വി. അഗസ്റ്റിൻ, അഡ്വ. ബിജു പറയന്നിലം, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോണ്‍, അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ഡോ. കെ.എം. ഫ്രാൻസിസ്, ജോർജ് കോയിക്കൻ, ഡോ. ജേക്കബ് നിക്കോളാസ്, ബിനു ഡൊമിനിക്, ബിജു സെബാസ്റ്റ്യൻ, ബെന്നി ആന്റണി എന്നിവർ പ്രസംഗിച്ചു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സെക്രട്ടേറിയറ്റിലേക്കു നടത്തിയ പ്രകടനത്തിന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ, ഡോ.ജോസ് കുട്ടി ജോസ്, ടോണി പുഞ്ചക്കുന്നേൽ, റവ. ഡോ. ഫിലിപ്പ് കവിയിൽ, ഡോ.കെ.എം. ഫ്രാൻസിസ്, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, രാജേഷ് ജോണ്‍, ഫിലിപ്പ് വെളിയത്ത്, ബിജു സെബാസ്റ്റ്യൻ, ജോർജ് കോയിക്കൽ, മനു വാരപ്പള്ളി എന്നിവർ നേതൃത്വം നൽകി.
ഭരണഘടന ഉറപ്പുനൽകുന്ന മതേതരത്വം പരിപാലിക്കുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, നെല്ല്, നാളികേരം, റബർ, ഇതര കാർഷികവിളകൾ എന്നിവയുടെ വിലത്തകർച്ച പരിഹരിക്കുക, വന്യജീവി അക്രമങ്ങൾ തടയുകയും അന്യായമായ ഭൂനിയമങ്ങൾക്കു പരിഹാരം കാണുകയും ചെയ്യുക, വിദ്യാഭ്യാസ രംഗത്തെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു യാത്ര.
Kerala
തിരുവനന്തപുരം: കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ 13ന് കാസര്‍ഗോട്ടുനിന്ന് ആരംഭിച്ച അവകാശ സംരക്ഷണയാത്ര ഇന്ന് തിരുവനന്തപുരത്തു സമാപിക്കും.
ഭരണഘടന ഉറപ്പുനല്‍കുന്ന മതേതരത്വം കാത്തുപരിപാലിക്കുക, ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചു നടപ്പാക്കുക, നെല്ല്, നാളികേരം, റബര്‍, ഇതര കാര്‍ഷികവിളകള്‍ എന്നിവയുടെ വിലത്തകര്‍ച്ച പരിഹരിക്കുക, വന്യജീവി അക്രമങ്ങള്‍ തടയുകയും അന്യായമായ ഭൂനിയമങ്ങള്ക്കു പരിഹാരം കണ്ടെത്തുകയും ചെയ്യുക, വിദ്യാഭ്യാസരംഗത്തെ ന്യൂനപക്ഷ അവഗണന അവസാനിപ്പിക്കുക എന്നീ പ്രധാന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കത്തോലിക്ക കോണ്‍ഗ്രസ് അവകാശ സംരക്ഷണയാത്ര സംഘടിപ്പിക്കുന്നത്.
ഇന്നു രാവിലെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍നിന്നു പ്രകടനമായി ആരംഭിക്കുന്ന അവകാശ സംരക്ഷണയാത്ര സെക്രട്ടേറിയറ്റിനു മുന്നില്‍ എത്തിച്ചേരും. തുടര്‍ന്ന് 11ന് ആരംഭിക്കുന്ന ധര്‍ണയില്‍ ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, താമരശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ സെക്രട്ടറി ജേക്കബ് നിക്കോളാസ്, ഡോ. ജോസ്കുട്ടി ജോസ്, ടോണി പുഞ്ചക്കുന്നേല്‍, ഫാ. ഫിലിപ്പ് കവിയില്‍, ഡോ.കെ.എം. ഫ്രാന്‍സിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
Editorial
പൊതുസമൂഹത്തിനും ക്രൈസ്തവർക്കു പ്രത്യേകിച്ചും നിഷേധിക്കപ്പെട്ട അടിസ്ഥാന അവകാശങ്ങളെ എണ്ണിയെണ്ണിപ്പറഞ്ഞും ആ നിഷേധാത്മക രാഷ്ട്രീയത്തെ വിചാരണ ചെയ്തും കടന്നുപോയ ഒരു യാത്ര ഇന്നു സമാപിക്കുകയാണ്. കാസർഗോഡുനിന്ന് കത്തോലിക്ക കോൺഗ്രസ് (എകെസിസി) തുടങ്ങിയ 12 ദിവസത്തെ അവകാശസംരക്ഷണ യാത്ര ഇന്നു തിരുവനന്തപുരത്ത് എത്തുന്പോൾ, എല്ലാ മനുഷ്യരെയും ഉൾക്കൊള്ളാത്ത രാഷ്ട്രീയത്തെ അംഗീകരിക്കില്ലെന്ന പ്രഖ്യാപനമായി അതു മാറും.
ഭരണകൂടങ്ങൾ വന്യജീവികളേക്കാൾ വിലകെട്ടവരായി കണ്ട കർഷകരുടെയും, ഭരണകൂട പിന്തുണയുള്ള വർഗീയ-തീവ്രവാദ സംഘടനകളാൽ പീഡിതരായ ന്യൂനപക്ഷങ്ങളുടെയും, ഭരണകൂട പക്ഷപാതിത്വം അനുഭവിക്കുന്ന പരിവർത്തിത ക്രൈസ്തവരുടെയും ശബ്ദമാകാൻ എകെസിസി നടത്തിയ ശ്രമം അനിവാര്യമായൊരു രാഷ്ട്രീയ നവോത്ഥാനത്തിന്റെ ശ്രദ്ധ ക്ഷണിക്കുന്നു. മാറ്റം അനിവാര്യമാണ്.
കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറന്പിൽ നയിക്കുന്ന യാത്രയുടെ ലക്ഷ്യങ്ങൾ ഈ രാജ്യത്തിന്റെ ഐക്യത്തിനും പുരോഗതിക്കുമുള്ള അടിസ്ഥാന ആവശ്യങ്ങളാണ്. ബിജെപി സർക്കാരുകൾ കൊണ്ടുവന്ന ഭരണഘടനാവിരുദ്ധമായ മതപരിവർത്തന നിരോധന നിയമങ്ങൾ പിൻവലിക്കുക, ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്ന വര്‍ഗീയ സംഘടനകളെ നിലയ്ക്കു നിർത്തുക, രാജ്യപുരോഗതിയുടെ ചാലകശക്തിയായിരുന്ന ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരേ ഉത്തരേന്ത്യയിൽ നടക്കുന്ന വർഗീയ ആക്രമണങ്ങളും കേരളത്തിലുൾപ്പെടെ നടക്കുന്ന തീവ്രവാദ അജണ്ടകളും തടയുക,
പാഠപുസ്തകങ്ങളിലെ ക്രൈസ്തവവിരുദ്ധ അപനിർമിതികൾ തിരുത്തുക, 80:20 അനുപാതത്തിലുള്ള സ്കോളർഷിപ്പിനെതിരേയുള്ള ഹൈക്കോടതി വിധി അട്ടിമറിക്കാൻ സംസ്ഥാനം സുപ്രീംകോടതിയിൽ നൽകിയ അപ്പീൽ പിൻവലിച്ച് നീതി ഉറപ്പാക്കുക, ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കുക, ദളിത് സംവരണം പരിവർത്തിത ക്രൈസ്തവർക്കും ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഈ രാജ്യത്തിന്റെ മതേതര ഘടനയ്ക്കു സംഭവിച്ച പരിക്കുകൾ ചൂണ്ടിക്കാണിക്കുന്നതാണ്.
കർഷകരും അധ്യാപകരും ഉൾപ്പെടെയുള്ള പൊതുസമൂഹത്തിന്റെയും, മലയോരങ്ങളിലെയും വിഴിഞ്ഞത്തെയും മുനന്പത്തെയും മനുഷ്യരുടെയും നഷ്ടജീവിതവും യാത്രയിൽ ഉയർത്തിക്കാട്ടി. മനുഷ്യവിരുദ്ധമായി മാറിക്കഴിഞ്ഞ വനം-വന്യജീവി നിയമങ്ങൾ തിരുത്തുക, തെരുവുനായശല്യം പരിഹരിക്കുക, പട്ടയമടക്കം മതിയായ രേഖകളുള്ള ഭൂമിപോലും പിടിച്ചെടുക്കാൻ വനംവകുപ്പിന് അനുമതി നൽകുന്ന ഫോറസ്റ്റ് വെസ്റ്റിംഗ് ആൻഡ് അസൈൻമെന്റ് ആക്ട് ഭേദഗതി നിയമം പിൻവലിക്കുക, തകർന്നടിഞ്ഞ കാർഷികമേഖലയെ രക്ഷിക്കുക, പ്രകടനപത്രികയിൽ ഉറപ്പുനൽകിയ താങ്ങുവില റബറിനു നൽകുക, കർഷകരെ പാപ്പരാക്കിയ നെല്ലുസംഭരണശൈലി പരിഷ്കരിക്കുക, വനംവകുപ്പിന്റെ കുടിയിറക്കു കുതന്ത്രങ്ങൾ അവസാനിപ്പിക്കുക,
കർഷക കുടിയേറ്റത്തിന്റെ ചരിത്രവും നേട്ടങ്ങളും പഠിപ്പിക്കുക, ഭിന്നശേഷി സംവരണത്തിന്റെ മറവിൽ സംസ്ഥാനം ഇല്ലാതാക്കിയ എയ്ഡഡ് സ്കൂൾ അധ്യാപകരുടെ അവകാശങ്ങൾ പുനഃസ്ഥാപിക്കുക, വനാതിർത്തികളിലെ ബഫർസോൺ ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പരിഹരിക്കുക, ഇഡബ്ല്യുഎസ് സംവരണത്തിന്റെ സാന്പത്തിക മാനദണ്ഡങ്ങൾ ഒബിസിയുടേതിനു തുല്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇനി അവഗണിക്കാനാകില്ല. ഇതിൽ ഒരാവശ്യമെങ്കിലും രാജ്യത്തിന്റെ അഖണ്ഡതയ്ക്കോ പുരോഗതിക്കോ വിലങ്ങുതടിയാണെങ്കിൽ പറയണം.
കത്തോലിക്ക കോൺഗ്രസ് ഉന്നയിച്ച ആവശ്യങ്ങൾ ക്രൈസ്തവർ ഉൾപ്പെടെയുള്ള വോട്ടർമാരുടെ അടിസ്ഥാന ആവശ്യങ്ങൾപോലും അവഗണിച്ച രാഷ്ട്രീയക്കാർക്കുള്ള കുറ്റപത്രമായി മാറിയെങ്കിൽ തിരുത്തിയേ തീരൂ. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള, ഇടുങ്ങിയ രാഷ്ട്രീയ താത്പര്യങ്ങളില്ലാത്ത സംഘടന പ്രക്ഷോഭതുല്യമായൊരു യാത്രയ്ക്കിറങ്ങിയത് നീതിക്കുവേണ്ടി മാത്രമാണ്; അധികാരത്തിന്റെ ബധിരകർണങ്ങളിലേക്കു ചിലതൊക്കെ ഉറക്കെ പറയാനാണ്. പാവപ്പെട്ട കർഷകരും ദരിദ്രരും വന്യജീവി ഇരകളുമൊക്കെ വർഷങ്ങളായി പറഞ്ഞുകൊണ്ടിരുന്ന അതേ കാര്യങ്ങളാണിതെല്ലാം. എന്നിട്ടും പ്രകടനപത്രികകളെയും വാഗ്ദത്ത പ്രസംഗങ്ങളെയുമൊക്കെ മുന്നണികൾ വഞ്ചനയുടെ ചരിത്രരേഖകളായി മാറ്റുകയാണ്.
ക്രൈസ്തവരുടെ ആവശ്യങ്ങൾ തങ്ങളുടേതല്ല എന്നു കരുതുന്ന രാഷ്ട്രീയ പാർട്ടികൾ തങ്ങളുടേതാണ് എന്നു കരുതേണ്ട ആവശ്യം ക്രൈസ്തവർക്കുമില്ല. എല്ലാവരെയും ചേർത്തുനിർത്തുന്ന, വർഗീയ-തീവ്രവാദ മുഖംമൂടികളില്ലാത്ത, കർഷകവിരുദ്ധമല്ലാത്ത സർക്കാരുകൾ അസാധ്യമല്ല. അതിനു തടസമാകുന്ന രാഷ്ട്രീയം തിരുത്തണം. എകെസിസി ഉന്നയിച്ച നീറുന്ന പ്രശ്നങ്ങൾ പരിഹരിക്കണം. തങ്ങൾക്കു വേണ്ടി അധികാരം പിടിക്കണമെന്ന് ഒരു മുന്നണിയോടും കത്തോലിക്ക കോൺഗ്രസ് ഉത്തരവിട്ടതായി കേട്ടിട്ടില്ല. പക്ഷേ, അധികാരം തങ്ങളെ ചവിട്ടിത്തേയ്ക്കാനാണെങ്കിൽ കീഴടങ്ങില്ലെന്ന ശബ്ദം കാസർഗോഡ് മുതൽ കേൾക്കുന്നുണ്ട്. സീസറിനുള്ളതു കൊടുത്തിട്ടും നീതി കിട്ടാത്തവരുടെ ശബ്ദം!
Kerala
കൊച്ചി: കത്തോലിക്ക കോൺഗ്രസ് മാണ്ഡ്യ രൂപതയിൽ ഔദ്യോഗികമായി തുടക്കം കുറിച്ചു. ബംഗളൂരു ധർമാരാം സെന്റ് തോമസ് ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിൽ നടന്ന പൊതുസമ്മേളനം മാണ്ഡ്യ ബിഷപ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. നിയുക്ത രൂപത പ്രസിഡന്റ് കെ.പി. ചാക്കപ്പൻ അധ്യക്ഷത വഹിച്ചു.
കർണാടകയിലെ പ്രവാസി മലയാളികളുടെ ക്ഷേമത്തിനും വിശ്വാസ സംരക്ഷണത്തിനും മുൻഗണന നൽകി കർമപരിപാടികൾ ആവിഷ്കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പിൽ മുഖ്യ പ്രഭാഷണം നടത്തി. സമുദായ ശക്തീകരണം ലക്ഷ്യമാക്കിയുള്ള പ്രവർത്തനങ്ങൾക്കു കത്തോലിക്ക കോൺഗ്രസ് കൂടുതൽ ശ്രദ്ധ നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ. ഒഴുകയിൽ സെമിനാർ നയിച്ചു. ട്രഷറർ അഡ്വ . ടോണി പുഞ്ചക്കുന്നേൽ, വൈസ് പ്രസിഡന്റുമാരായ ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ റോസ് ജെയിംസ്, ജെയ്സൺ പട്ടേരി, രൂപത ഡയറക്ടർ ഫാ . കുര്യാക്കോസ് കൊല്ലമുള്ളിൽ, ഭാരവാഹികളായ റീന പ്രിൻസ്, ലൗലി ജോളി , ഡാർലി കുര്യാക്കോസ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി തോമസ് കളരിക്കൽ, വിവിധ സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.